സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആല്‍ത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡില്‍ വീണു. തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ കവാടം തകര്‍ന്നു വീണു. മരം വീണ് വാഹനങ്ങളും തകര്‍ന്നു.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി എട്ട് മണി മുതല്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്യുന്നത്. നഗരത്തില്‍ താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.
ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.
കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ പെട്ടത്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിആര്‍ക്കും പരിക്കില്ല.
അതേ സമയം ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് മുതല്‍ കോട്ടയം വരെ 9 ജില്ലകളില്‍ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. പത്തതനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ടുമാണ്.