തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; 10 ജില്ലകളിൽ ജാഗ്രത നിര്‍ദ്ദേശം

Jaihind Webdesk
Sunday, December 11, 2022

സംസ്ഥാനത്തെ 10 ജില്ലകളിൽ അടുത്ത  മണിക്കൂറുകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്  ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ  അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം കേരളത്തില്‍ മഴ ശക്തമായേക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12 നും ഡിസംബര്‍ 13 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്.