Rain| വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jaihind News Bureau
Monday, August 18, 2025

തിരുവനന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മഴ മുന്നറിയിപ്പുകള്‍ ഈ അഞ്ച് ജില്ലകളില്‍ മാത്രമാണെങ്കിലും, മറ്റ് ചില ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. സ്‌കൂള്‍ തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

മഴ മുന്നറിയിപ്പുകളില്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.