‘ആഗോള അയ്യപ്പ സംഗമം’ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം തേടി. പരിപാടി ആരാണ് സംഘടിപ്പിക്കുന്നത്, ‘ആഗോള അയ്യപ്പ സംഗമം’ എന്ന പേര് നല്‍കിയത് എന്തുകൊണ്ട്, പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫണ്ട് സമാഹരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20-ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയില്‍ കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. അതേസമയം, അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പിനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.