Kannur| കണ്ണൂരില്‍ മലയോര മേഖലകളില്‍ കനത്ത മഴ; പുഴകള്‍ കരകവിഞ്ഞൊഴുകുന്നു, ഗതാഗതം തടസ്സപ്പെട്ടു

Jaihind News Bureau
Wednesday, September 3, 2025

കണ്ണൂരില്‍ മലയോര മേഖലകളില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കൊട്ടിയൂര്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്.

ബാവലിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പാലപ്പുഴയെയും ആറളം ഫാമുകളെയും ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തില്‍ വെള്ളം കയറി. ഇതോടെ കാക്കയങ്ങാട്-കീഴ്പ്പള്ളി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പുഴയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

മലയോര മേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ദുരന്ത നിവാരണ സേനയും അധികൃതരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.