HIMACHAL FLOOD| ഹിമാചലില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം; വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു

Jaihind News Bureau
Monday, July 21, 2025

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഷിംലയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്യുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്ത് നിരവധി റോഡുകള്‍ തകര്‍ന്നു. പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്തു. ഷിംലയിലെ പ്രാന്തപ്രദേശമായസഞ്ജൗളിക്ക് സമീപം കൂറ്റന്‍ മരം കടപുഴകി വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

വനംവകുപ്പ് ടീമുകള്‍ മരങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മഴ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും, പ്രത്യേകിച്ച് മരങ്ങള്‍ വീഴാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള വനപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കാനും അധികാരികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, മഴക്കെടുതിയില്‍ 468 റോഡുകളും 676 ജലപദ്ധതികളും തടസ്സപ്പെട്ടു. 1199 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. മരണസംഖ്യ 125 ആയി ഉയര്‍ന്നു, ഇതില്‍ 70 മരണങ്ങള്‍ വെള്ളപ്പൊക്കവും മഴയും മൂലവും 55 മരണങ്ങള്‍ റോഡപകടങ്ങള്‍ മൂലവുമാണ്.