തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതി തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. രണ്ട് ജില്ലയിലും ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂർ 204.4 mm മഴ വരെ ലഭിച്ചേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ.
അതേസമയം മഴ കനക്കുന്നതോടെ, തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. അതിനിടെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.