തൃശൂർ ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: ഡാമുകള്‍ തുറക്കുന്നു; നദീതീരങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിർദേശം

തൃശൂർ: അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ തൃശൂർ ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി, മണലി, കുറുമാലി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർ മാറിത്താമസിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വലപ്പാട് തീരത്ത് കണ്ടെത്തിയ മൃതശരീരം, കാണാതായ മത്സ്യത്തൊഴിലാളി വർഗീസിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. ജില്ലയിൽ ഇന്നും വിദ്യാലയങ്ങൾക്ക് അവധിയാണ്.

പറമ്പിക്കുളം, തുണക്കടവ്, പെരിങ്ങൽകുത്ത്, പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയത് കാരണം ചാലക്കുടി, മണലി, കുറുമാലി പുഴകളിൽ ജലനിരപ്പ് കൂടുന്നുണ്ട്. പുഴകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ പുഴയൊഴുക്ക് ശക്തമാണ്. ഈ പുഴകളുടെ തീരത്തുള്ളവർ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ വലപ്പാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ചേറ്റുവയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി വർഗീസ് എന്ന മണിയന്‍റേതെന്ന് സ്ഥിരീകരിച്ചു. ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിൽ 37 ക്യാമ്പുകളിലായി 469 കുടുംബങ്ങളിൽ നിന്നുള്ള 1,533 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. 2018ലെ പ്രളയസമയത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ കളക്ടർ നിർദേശം നല്‍കി.

Comments (0)
Add Comment