ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കുന്നതിന് പ്രധാന കാരണം. ഒരു ദിവസത്തിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച (സെപ്റ്റംബര്‍ 26) എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ (സെപ്റ്റംബര്‍ 27) മഴ വടക്കന്‍ ജില്ലകളിലേക്ക് വ്യാപിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച് ന്യൂനമര്‍ദമായി മാറും. തുടര്‍ന്ന് ഇത് പടിഞ്ഞാറോട്ട് നീങ്ങി 27-ന് ആന്ധ്രാ തീരത്തെത്താനും സാധ്യതയുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കുറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ ഈ രണ്ടു ദിവസങ്ങളിലും കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.