അതിതീവ്ര മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jaihind Webdesk
Monday, July 15, 2024

 

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസറഗോഡ്  എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മര്‍ അറിയിച്ചു. അതേസമയം കാസറഗോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ച ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമല്ല.

അതേസമയം മലപ്പുറം, കണ്ണൂർ, കാസറഗോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.