നാശം വിതച്ച് മഴയും കാറ്റും: തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ കാർ ഒലിച്ചുപോയി; ബോട്ട് മറിഞ്ഞ് രണ്ട് മരണം

Monday, September 5, 2022

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലുണ്ടായ അപ്രതീക്ഷിത മഴയില്‍ . വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കാര്‍ പാറക്കെട്ടില്‍ കുടുങ്ങി. വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളംകയറി. മലയോരത്തും തീരമേഖലയിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. 12 പേരെ രക്ഷപ്പെടുത്തി. ശക്തമായ തിരയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ കപ്പലും ഹെലികോപ്റ്ററും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ടായി. ഒരു മണിക്കൂറായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീശിയ ശക്തമായ കാറ്റ് കനത്ത നാശം വിതച്ചു. മുണ്ടയ്ക്കൽ സ്വദേശി രവീന്ദ്രന്‍റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. ഓച്ചിറ വലിയകുളങ്ങര സ്വദേശി ജയേഷിന്‍റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. പരവൂർ ഭൂതക്കുളം കലയ്ക്കോട് പിഎന്‍പി  ജംഗ്ഷനിൽ വൈദ്യുതി ലൈനിന് മുകളിൽ മരം വീണു. ജില്ലയിൽ വ്യാപക കൃഷിനാശവുമുണ്ടായി. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.  പമ്പയും ചെറുതോടുകളും നിറഞ്ഞൊഴുകുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.