സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ; രണ്ടു ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം

 

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. ഇന്നും നാളെയും രണ്ടു ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

നാളെ പത്തനംതിട്ടയിലും ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച തീവ്രമഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ് തുടങ്ങി ജാഗ്രതാ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Comments (0)
Add Comment