തോരാതെ പെയ്യാൻ വേനൽമഴ!;അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും ജാഗ്രതാനിർദ്ദേശം

Jaihind News Bureau
Monday, April 6, 2026

 

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽമഴ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ വീഴാനോ ചില്ലകൾ ഒടിഞ്ഞു വീഴാനോ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു.