അതിശക്തമായ മഴ; പൊന്മുടി, കല്ലാർ മേഖലയില്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം

തിരുവനന്തപുരം : വൈകിട്ട് പെയ്ത അതി ശക്തമായ  മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പെടെ നിലംപതിച്ചുതിനാല്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു.

വാമനപുരം നദി കരകവിഞ്ഞൊഴുകിയതിനാല്‍  നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  വിതുര അഗ്നിരക്ഷാ സേനയും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും സംയുക്തമായി രംഗത്തുണ്ട്. റോഡിലേക്ക് വീണ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍  പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു. സന്ദർശകരുടെ തിരക്കിനെ തുടർന്നു ഒക്ടോബർ 1 മുതൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടച്ചിട്ടത്.

Comments (0)
Add Comment