തലസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി

Jaihind Webdesk
Tuesday, May 11, 2021

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി.  റെയിൽവേ ട്രാക്കിലും വെള്ളം കയറി.  നഗരത്തിൽ മാത്രം രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളില്‍  ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ ന്യൂനമര്‍ദവും തുടര്‍ന്ന് ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ പതിമൂന്നാം തീയതിയോടെ ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങണം. വ്യാഴാഴ്ച മുതല്‍ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കടലിനോട് അടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. നദികളുടെ തടാകങ്ങളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതിശക്തമായ മഴക്കും കാറ്റിനും ഇടയുള്ളതിനാല്‍ കെടിടുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം.

മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഇടയുള്ള പ്രദേശങ്ങളിലുള്ളവര്‍ജാഗ്രതപാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാനും വൈദ്യുതി പോസ്റ്റുകള്‍ സുരക്ഷിതമാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.