തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേന ആളുകളെ ഡിങ്കി ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി. പട്ടം, തേക്കും മൂട് , ഗൗരീശപട്ടം മേഖലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വട്ടിയൂര്‍ക്കാവ്, തേക്കുംമൂട് തുടങ്ങിയ വിവിധയിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ വീടൊഴിയുകയാണ്.കനത്തമഴയിൽ കൊച്ചി മൂലേപ്പാടത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി ഭാഗത്ത വീണ്ടും വെള്ളക്കെട്ടുണ്ടായി. ഇന്‍ഫോ പാര്‍ക്കിൽ ഇന്നും വെള്ളം കയറി.
നാളെ മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയിപ്പ്.