കനത്ത മഴ; മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ

Jaihind Webdesk
Sunday, August 11, 2024

 

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു. നിലവിൽ അപകട സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ടാണ്. അതേസമയം 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 11.08.2024 മുതൽ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.