കനത്ത മഴ; വയനാട്ടിലെ ക്ഷീരമേഖലയിൽ മാത്രം ഒന്നരക്കോടി രൂപയുടെ നാശനഷ്ടം

 

വയനാട്: ജില്ലയിൽ പെയ്ത കനത്ത മഴയിൽ ക്ഷീരമേഖലയിൽ മാത്രം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ക്ഷീര വികസന വകുപ്പ്. 26 ക്ഷീര സംഘങ്ങളിലെ 500ല്‍ അധികം ക്ഷീരകർഷകരെ നേരിട്ട് പ്രളയം ബാധിച്ചു. പ്രതിദിന പാൽ ഉത്പാദനത്തിലും വൻ കുറവുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ ക്ഷീരമേഖലയിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളം കയറിയതിനെ തുടർന്ന് 197.2 ഹെക്‌ടർ സ്‌ഥലത്തെ തീറ്റപ്പുൽ കൃഷി നശിച്ചു. 11 തൊഴുത്തുകൾ പൂർണമായും 5 തൊഴുത്തുകൾ ഭാഗികമായും തകർന്നു. വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ 500ലധികം ക്ഷീര കർഷകരുടെ ആയിരത്തിലധികം പശുക്കളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. 24 ക്ഷീര സംഘങ്ങളിലെ 500ലധികം ക്ഷീര കർഷകരെ നേരിട്ടു പ്രളയം ബാധിച്ചു. പാൽ ഉത്പാദനത്തിൽ പ്രതിദിനം 3260 ലീറ്ററിന്‍റെ കുറവുണ്ടായി.

ക്ഷീരവികസന വകുപ്പിന്‍റെ കണക്ക് പ്രകാരം ജില്ലയിൽ മാത്രം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
അതേസമയം, ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ കന്നുകാലികൾക്ക് ആവശ്യമായ പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കാൻ ക്ഷീരവികസന വകുപ്പിന്‍റെ പദ്ധതി വിഹിതത്തിൽ നിന്നു 5 ലക്ഷം രൂപ അനുവദിച്ച് മന്ത്രി ജെ. ചിഞ്ചുറാണി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ തുക കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കൂടുതൽ നഷ്ടത്തിന് ആനുപാതികമായ തുക അനുവദിക്കണമെന്നാണ് ആവശ്യം.

Comments (0)
Add Comment