സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിലായി താഴ്ന്ന പ്രദേശങ്ങള്‍, വ്യാപക നാശനഷ്ടം

Jaihind Webdesk
Sunday, October 15, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂരും കാസർഗോഡും ഒഴികെ 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്ക് തലത്തില്‍ കൺട്രോൾ റൂമുകൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമായി ശരാശരി 180 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയിൽ 17 ക്യാമ്പുകളും നഗരത്തിൽ മാത്രം 15 ക്യാമ്പുകളും തുടങ്ങി. 572 ഓളം ആളുകളാണ് ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. കനത്ത മഴയിൽ 6 വീടുകൾ പൂർണ്ണമായും തകർന്നു എന്നാണ് പ്രാഥമിക വിവരം. മണിക്കൂറുകളായി തുടരുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി.

മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്തത്. പോത്തന്‍കോട്, കണ്ണമ്മൂല, മരുതൂര്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. ടെക്നോപാർക്ക് ഫേസ് 3 ക്കു സമീപം തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച നെയ്യാറ്റിൻകരയിൽ റെയില്‍വേ സ്റ്റേഷന് സമീപവും വെള്ളം കയറി. സബ് കനാല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളിലും കൃഷിയിടങ്ങളിലും മറ്റും വെള്ളം കയറി നശിച്ചു. കല്ലുവിളയില്‍ മതില്‍ തകര്‍ന്ന് യുവാവിന് പരുക്കേറ്റു. കനത്ത മഴയിൽ നിരവധി നാശനഷ്ട്ടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.