സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴ : ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്

Jaihind Webdesk
Sunday, May 15, 2022


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ് . ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രതാ നിർദേശം നൽകി. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശിച്ചിട്ടുണ്ട്.

ഇന്നുമുതൽ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. പൊന്മുടി, കല്ലാർ, മങ്കയം, നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നിവയാണ് അടച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. മഴ ശക്തമായ സാഹചര്യത്തിൽ ബോണക്കാട് നിന്നും പൊന്മുടിയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 20 സെ. മീ വീതം ഉയർത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.