അർജുന്‍ ദൗത്യത്തിന് വെല്ലുവിളിയായി വീണ്ടും കനത്ത മഴ; പുഴയിലിറങ്ങി പരിശോധനയ്ക്ക് വെല്ലുവിളി

Jaihind Webdesk
Sunday, August 4, 2024

 

ബംഗളുരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് ആരംഭിക്കാനിരിക്കെ വെല്ലുവിളിയായി പ്രദേശത്ത് ശക്തമായ മഴ. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുണ്ട്. ഗംഗാവാലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കാനാകുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വീണ്ടും വെല്ലുവിളി ഉയർത്തുന്നത്.

ഉത്തര കന്നഡ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാല്‍ മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മാല്‍പെയും സംഘവും പരിശോധനയ്ക്കാിയ ഇന്നിറങ്ങാനായിരുന്നു തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മാല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തിരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല. വിദഗ്ധ സഹായം ഇല്ലാതെ മാൽപെയെ പുഴയിൽ ഇറക്കുന്നതില്‍ അപകടസാധ്യതയുണ്ടെന്നും ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തിരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി പരിശോധനയ്ക്ക് ശ്രമിച്ചെങ്കിലും കനത്ത അടിയൊഴുക്ക് കാരണം അടുക്കാനായിരുന്നില്ല. ഒരു തവണ ഈശ്വർ മല്‍പെ വടം പൊട്ടി ഒഴുക്കില്‍ പെടുകയും ചെയ്തു. കഴിഞ്ഞ മാസം 16-നാണ് കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായത്.