തൃക്കാക്കരയില്‍ കനത്ത പോളിംഗ് : ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട നിര

Jaihind Webdesk
Tuesday, May 31, 2022

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ  കനത്ത പോളിങ്.  വോട്ടെടുപ്പ് രണ്ടു മണിക്കൂർ പിന്നിടുമ്പോള്‍ 13 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പുരുഷന്മാരിൽ 9.24 %, സ്ത്രീകൾ 7.13 % എന്നിങ്ങനെ രാവിലെ എട്ടു മണിവരെ 16,056 പേർ വോട്ടു രേഖപ്പെടുത്തി. 8.45 ന് വോട്ടിംഗ്  10 ശതമാനം പിന്നിട്ടു(10.5 %) . യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിംഗ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിംഗിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോംഗ് റൂമിലേക്കു മാറ്റും.

ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്. വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മുന്നണികൾക്കായി മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയറിയിറങ്ങി വോട്ടുതേടി.