യുഎഇയില്‍ മൂടല്‍മഞ്ഞ് അതിശക്തം : ദൂരക്കാഴ്ച കുറഞ്ഞത് മൂലം ഗതാഗതം മന്ദഗതിയില്‍ ; വേഗത കൂടിയതിനും ഫോഗ് ലൈറ്റ് ഇല്ലാത്തതിനും പൊലീസിന്‍റെ പിഴ

Jaihind News Bureau
Sunday, January 17, 2021

ദുബായ് : യുഎഇയില്‍ അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലായിരുന്നു മൂടല്‍മഞ്ഞ് ശക്തമായത്. ഞായറാഴ്ച പുലര്‍ച്ച സമയം മുതല്‍ തുടങ്ങിയ മൂടല്‍മഞ്ഞ്, ചിലയിടത്ത്, രാവിലെ പത്തുവരെ തുടര്‍ന്നു. ദൂരക്കാഴ്ച 1,000 മീറ്ററില്‍ കുറഞ്ഞുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇതോടെ, മിക്കയിടത്തും വാഹനഗതാഗതം മന്ദഗതിയിലായി. ചില കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട് ചെയ്തു. വാഹനമോടിക്കുന്നവരും മറ്റും ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി. അതേസമയം, അമിത വേഗതയില്‍ പോയ നിരവധി വാഹനങ്ങള്‍ക്ക് പൊലീസിന്‍റെ പിഴയും ലഭിച്ചു. സ്ഥിരമായി പോകുന്ന റോഡിലെ വേഗതയുടെ പരിധി, മൂടല്‍ മഞ്ഞ് മൂലം കുറച്ചതാണ് , പിഴ ലഭിക്കാന്‍ കാരണമായത്. മഞ്ഞ് സമയത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റ് ഇട്ട് യാത്ര ചെയ്യാത്തവര്‍ക്കും ട്രാഫിക് പിഴ ലഭിച്ചു.