ബിവറേജസില്‍ ആള്‍പ്പൂരമാകാം, കടയ്ക്ക് മുന്നില്‍ അഞ്ചാള്‍ നിന്നാല്‍ കനത്ത പിഴ; വേറിട്ട പ്രതിഷേധവുമായി വ്യാപാരി

Jaihind Webdesk
Thursday, August 5, 2021

 

പാലക്കാട് : ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ കടയില്‍ അഞ്ചാളെത്തിയെന്ന ‘കുറ്റത്തിന്’ കനത്ത പിഴ ചുമത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി. കടയ്ക്ക് മുന്നില്‍ 5 പേർ നിന്നെന്ന് ആരോപിച്ചാണ് തച്ചനാട്ടുകര പൊലീസ് പലചരക്ക് കട നടത്തുന്ന അബ്ബാസിന് 2000 രൂപ  പിഴ ചുമത്തിയത്. പിഴയടച്ച രസീതും കടയ്ക്ക് മുന്നില്‍ ആരും നിൽക്കരുതെന്ന പോസ്റ്ററും പതിച്ചാണ് അബ്ബാസ് പ്രതിഷേധം ഉയർത്തിയത്.

തച്ചനാട്ടുകര പഞ്ചായത്തിലെ ഉൾപ്രദേശത്ത് പ്രവർത്തിക്കുന്ന കടയിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് സാധനങ്ങൾ വാങ്ങാനെത്തുന്നത്. രണ്ടായിരം രൂപയുടെ വരുമാനം ലഭിക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും കട തുറന്ന് പ്രവർത്തിക്കണം. അങ്ങനെ കച്ചവടം തന്നെ പ്രതിസന്ധിയിലായ കാലത്താണ്2000 രൂപ പിഴയായി ഈടാക്കിയത്. കച്ചവടം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണെന്നും പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയാറായില്ലെന്ന് കടയുടമ പറയുന്നു. പൊലീസ് നടപടിക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം സലിം രംഗത്തെത്തി. കൊവിഡ് കാലത്ത് ആളുകൾ അതിജീവനത്തിനായി വലിയ പ്രതിസന്ധി നേരിടുമ്പോൾ പൊലീസ് രണ്ടായിരം രൂപ പിഴയീടാക്കിയത് ക്രൂരതയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ നിന്നിട്ടും ഒരു നടപടിയും എടുക്കാത്ത പൊലീസാണ്, ഒരു പലചരക്ക്കടയുടെ മുന്നിൽ സാധനം വാങ്ങാന്‍ അഞ്ചുപേര്‍ എത്തിയെന്ന് പറഞ്ഞ് കടയുടമയിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് നാട്ടുകൽ സിഐ പറഞ്ഞു. തച്ചനാട്ടുകര ചാമപ്പറമ്പ് നറുക്കോട് എന്ന കൊച്ചു ഗ്രാമത്തിലെ ഏക പലചരക്കുകടയാണ് അബ്ബാസിന്‍റെ അബീ സ്റ്റോർ. പിഴയടച്ച രസീതും കടയ്ക്ക് മുന്നില്‍ ആരും നിൽക്കരുതെന്ന പോസ്റ്ററും പതിച്ചതോടെ കച്ചവടം കുറഞ്ഞു. എന്നാല്‍ ഇനിയും 2000 രൂപ പിഴയടക്കാനില്ലെന്നും നിസഹായാവസ്ഥയാണെന്നും അബ്ബാസ് പറയുന്നു.