യുപിയില്‍ ഇന്ത്യാ സഖ്യത്തിന്‍റെ പടയോട്ടത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; കണക്കുകൂട്ടലുകളെല്ലാം പിഴച്ചു, പകച്ച് പാര്‍ട്ടി നേതൃത്വം

Jaihind Webdesk
Tuesday, June 4, 2024

 

ഉത്തർപ്രദേശ്: യുപിയില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ പകച്ചു നില്‍ക്കുകയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും വ്യക്തിപരമായ താല്പര്യങ്ങളാണ് പാര്‍ട്ടിക്ക് യുപിയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. 2019 ലെ തിരഞ്ഞെടുപ്പില്‍ 60-ലധികം സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇത്തവണ അത് 35 സീറ്റുകളിലേക്ക് ചുരുങ്ങി. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ സ്മൃതി ഇറാനി, മനേക ഗാന്ധി തുടങ്ങിയവര്‍ പരാജയപ്പെടുകയും ചെയ്തു. വലിയ മുന്നേറ്റമാണ് യുപിയില്‍ ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോണ്‍ഗ്രസ് എസ്പി സഖ്യം നയിച്ച ഇന്ത്യാ മുന്നണി യുപിയില്‍ മേധാവിത്വം നടത്തി.

രാമക്ഷേത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്ക് തുണയാവുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ പൂര്‍ണ്ണമായും തെറ്റെന്ന ജനവിധിയാണ് ഉണ്ടായത്. ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ പിന്നാലെ പോവാന്‍ യുപി ജനത തയാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മണ്ഡലമായ വാരണാസിയില്‍ ഒരു ഘട്ടത്തില്‍ പിന്നോട്ടു പോവുകയും ചെയ്തു. ഇത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. പല മണ്ഡലങ്ങളിലും ബിജെപി വിജയിച്ചത് ചെറിയ ഭൂരിപക്ഷത്തിലാണ്. യുപിയില്‍ നിന്നും ലഭിക്കുന്ന മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് 300-ലധികം സീറ്റുകള്‍ നേടാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് ആകെ പാളി.

ബിജെപിയിലെ പടലപ്പിണക്കങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യോഗി ആദിത്യനാഥിനെ മാറ്റുവാന്‍ മോദിയും അമിത്ഷായും നീക്കം നടത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞ യോഗി പാലം വലിച്ചുവെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. യോഗി നിര്‍ദ്ദേശിച്ച പലര്‍ക്കും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുവാനും കേന്ദ്ര നേതൃത്വം തയാറായില്ല. അമിത് ഷായുടെ താല്പര്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ സംരക്ഷിച്ചത്. ഏതായാലും ഉത്തര്‍പ്രദേശിലുണ്ടായ വലിയ തിരിച്ചടി ബിജെപിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.