രാജസ്ഥാനിൽ ബിജെപിയെ തച്ചുടച്ച് കോൺഗ്രസിന് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. വിജയം ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസത്തിന്‍റെ നേര്‍ രേഖയെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.
സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ പത്തിനാണ് നടന്നത്. ആള്‍വാര്‍, ഭരത്പൂര്‍, ഭില്‍വാര, ബുണ്ടി, ചുരു, ധോല്‍പൂര്‍, ഹനുമാന്‍ഘട്ട്, ജയ്പൂര്‍, കരൗലി, ശ്രീഗംഗ് നഗര്‍ ജില്ലകളിലെ 16 വാര്‍ഡുകളിലായിരുന്നു തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്‍ പുറത്ത് വിട്ടത്. 15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളില്‍ നടന്ന മത്സരത്തില്‍ എട്ട് വാര്‍ഡുകളും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയുളള സ്വതന്ത്രര്‍ മൂന്ന് വാര്‍ഡുകളില്‍ വിജയിച്ചു. എന്നാല്‍ 5 വാര്‍ഡുകളില്‍ മാത്രമേ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചുളളൂ.
കൈത്രാള്‍, ബെഹ്രോര്‍, ജഹാസ്പുര്‍, ഇന്ദര്‍ഗഡ്, സുജന്‍ഗഡ്, നോഹര്‍, ഷാപുര, ഹിന്ദ്വാന്‍ എന്നീ വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയത്. ശ്രീഗംഗ് നഗറിലെ ഗജ്സിംഗ്പൂരില്‍ നിന്നും ഒരു സ്വതന്ത്രനും ഹനുമാന്‍ഘട്ടിലെ റാവത്സറില്‍ നിന്ന് രണ്ട് സ്വതന്ത്രരും കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചു.