മണിപ്പൂരില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ എംഎല്‍എ ഉള്‍പ്പെടെ നാലു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Tuesday, April 2, 2024

 

ഇംഫാല്‍: ബിജെപിക്ക് തിരിച്ചടിയായി മണിപ്പൂരില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെടെ നാലു പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഇംഫാലിലുള്ള കോണ്‍ഗ്രസ് ഭവനില്‍ ബിജെപിയുടെ നാലു പ്രമുഖ നേതാക്കളാണ് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേർന്നത്.

യെസ്‌കൂള്‍ മുന്‍ എംഎല്‍എ എലംഗ്ബം ചന്ദ് സിംഗ് ഉല്‍പ്പടെ ഗോല്‍സെം, അചൗബ സിംഗ്, അഡ്വ. ഒയ്‌നാം ഹേമന്ദ് സിംഗ് എന്നിവരാണ് ബിജെപി വിട്ടത്. മണിപ്പൂരില്‍ കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. അംഗോംച ബിമോൽ അകോയിജം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

മണിപ്പൂരിന്‍റെ ചരിത്രവും സംസ്ഥാനത്തിന്‍റെ വികസനത്തിനും നന്മയ്ക്കും വേണ്ടി നല്ല സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റിയും അദ്ദേഹം ഓർമ്മിപ്പിച്ചു.”മണിപ്പൂരിന് അഖണ്ഡതക്കായി നിലകൊണ്ടതിന്‍റെ സമ്പന്നമായ ചരിത്രമുണ്ട്. മണിപ്പൂരിന്‍റെ സ്വത്വം നിലനിര്‍ത്താനായി പണ്ടുമുതല്‍ നിരവധി സമരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് അതെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഓരോ മണിപ്പൂരുകാരനും ഒരുമിക്കേണ്ടത് അനിവാര്യമാണ്” – അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സ്വന്തം ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് നിയന്ത്രണമുള്ള സാഹചര്യം നിലനിൽക്കുന്നത് അനുവദിക്കാനാവില്ലെന്നും അകോയിജം കൂട്ടിച്ചേർത്തു.  മണിപ്പൂരിന്‍റെ ഒരുഭാഗത്ത് ഏപ്രില്‍ 26-ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.