സംസ്ഥാനത്ത് ചൂട് തുടരും; ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യത, ജാഗ്രതാ നിർദേശം

Jaihind Webdesk
Thursday, May 9, 2024

Heat Wave Kerala

 

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം  ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്ന് അറിയിച്ചു. ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.