പുതിയ പാപ്പയ്ക്ക് ഹൃദയപൂര്‍വ്വം പ്രാര്‍ഥനാശംസകള്‍ നേരുന്നു- വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍

Jaihind News Bureau
Friday, May 9, 2025

പുതിയ പാപ്പയ്ക്ക് ഹൃദയപൂര്‍വ്വം പ്രാര്‍ഥനാശംസകള്‍ നേരുന്നുവെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍. 2004ലും 2006ലും അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. വളരെ ലളിതമായ ഒരു ജീവിത ശൈലിയാണ് അദ്ദേഹത്തിന്റേത്. അഗസ്റ്റീനിയന്‍ സഭകളോട് അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ് അദ്ദേഹം. സ്ഥാനമേല്‍ക്കുന്ന ദിവസം അതിരൂപത ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടാകുമെന്നും ഫ്രാന്‍സിസ് പാപ്പ ലോക സമാധാനത്തിനായി നിലകൊണ്ടുവെന്നും പുതിയ പാപ്പയും അതേപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ ഇന്ത്യ സന്ദര്‍ശനം വളരെ അധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ക്ഷണം ലഭിച്ചില്ല. രാഷ്ട്ര തലവന്‍ എന്ന നിലയില്‍ ഔദ്യോഗിക ക്ഷണം വേണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനായി യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റയെ പുതിയ മാര്‍പാപ്പയായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. പുതിയ മാര്‍പാപ്പ ഇനി ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും. പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. സമാധാനം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ അറിയിച്ചത്.