തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം; പോസ്റ്റുമോർട്ടം പൂർത്തിയായി

Jaihind Webdesk
Saturday, February 3, 2024

വയനാട്:  മാനന്തവാടിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ  തുടർന്ന് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.  ഇന്നലെ രാത്രി കര്‍ണാടകയിലെ ബന്ദിപ്പൂർ രാമപുര ആന ക്യാമ്പിലെത്തിച്ച കൊമ്പൻ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്.  മയക്കുവെടി വെക്കുന്നതിന് മുമ്പ് ആനക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിൽ ആശങ്ക വിതച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി ഇന്ന് രാവിലെയാണ് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചത്. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ, രണ്ടാഴ്ച മുമ്പ് കർണാടക വനംവകുപ്പ് പിടികൂടി കോളർ ഐഡി ഘടിപ്പിച്ച് വനത്തിലേക്ക് വിട്ട തണ്ണീർ കൊമ്പനാണെന്ന് നേരത്തെ വ്യക്തമായിരുന്നു. അതിനാൽ കർണാടക ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച് പരിശോധനകള്‍ പൂർത്തിയാക്കി ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു വനംവകുപ്പ്. ഇതിനിടെയാണ് ആന ചരിഞ്ഞത്.

കേരളത്തിലെയും കര്‍ണാടകയിലെയും ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയായതോടെയാണ് മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ പുറത്തുവന്നത്. ബന്ദിപ്പൂരിലെത്തിച്ച ശേഷം ചരിഞ്ഞ ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ അധികൃതർ വെറ്ററിനറി സർജൻമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആനക്ക് മയക്കുവെടി ഏൽക്കുന്നതിന് മുമ്പേ ശരീരത്തിൽ മുഴ ഉണ്ടായിരുന്നുവെന്നും ഇത് പഴുത്ത നിലയിലായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.  ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു.  ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു.  എന്നാൽ സമർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത് എന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഇത് സംബന്ധിച്ച വിവാദങ്ങൾ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.