THEFT| കേള്‍വി ശക്തി കുറഞ്ഞ വയോധികയുടെ മാല മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍

Jaihind News Bureau
Wednesday, June 11, 2025

കേള്‍വിശക്തി കുറവായ വയോധികയുടെ മാല സ്‌കൂട്ടറിലെത്തി മോഷ്ടിച്ച പ്രതികളെ കോട്ടയം തൃക്കൊടിത്താനം പോലീസ് പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് താമസിക്കുന്ന മേരിക്കുട്ടി മാത്യുവിന്റെ മാലയാണ് പ്രതികള്‍ മോഷ്ടിച്ചത്. വീട്ടില്‍ വച്ചിരിക്കുന്ന വിറകെടുക്കാനെന്ന് പറഞ്ഞ് ഗേറ്റിനടുത്തെത്തിയ ആള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ചെവി കേള്‍ക്കാന്‍ വയ്യാത്ത മേരിക്കുട്ടി ഗേറ്റിനടുത്തേക്ക് ചെന്നു. ഈ സമയം മാല പൊട്ടിച്ചുകൊണ്ട് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം ജെ അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ സമീപത്തു നിന്നും ഇരുപതോളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അനസ്, സിനാജ്, രാജിവ് എന്നിവരെ പിടികൂടിയത്. മോഷ്ടിച്ച മാല ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ എത്തി വില്‍പ്പന നടത്തി. ആ പണവുമായി റെന്റിന് കാറെടുത്ത് കുമളിയിലേക്ക് പോകുന്ന വഴിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.