
കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ പന്മന സ്വദേശി വേണു മരിച്ച സംഭവത്തില്‍ കേരളത്തിന്റെ പൊതു ആരോഗ്യ മേഖല തകര്‍ന്നിരിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. വിമര്‍ശിച്ചു. കേരളത്തിന്റെ പൊതു ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ടായത് മനുഷ്യത്വ വിരുദ്ധത കൂടി പ്രകടിപ്പിക്കുന്ന സംഭവമാണ്. ഈ വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് ഇനി ഒരു ന്യായീകരണവും പറയാന്‍ കഴിയില്ലെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
എന്തു സംഭവിച്ചാലും റിപ്പോര്‍ട്ട് തേടുമെന്ന പതിവ് പല്ലവി മലയാളികളുടെ മുഖത്തുനോക്കി പല്ലിളിച്ചു കാണിക്കുന്നതിന് തുല്യമാണ്. ഈ നിസ്സംഗത അംഗീകരിക്കാനാവില്ല. വേണുവിന്റെ മരണം ആരോഗ്യമേഖലയിലെ സിസ്റ്റം തകരാറിലാക്കിയതിന്റെ അവസാനത്തെ ഉദാഹരണമാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉടനടി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.