ആരോഗ്യ വകുപ്പ് ശ്രദ്ധിക്കാതെ മന്ത്രി പി.ആർ വർക്കിൽ അഭിരമിക്കുന്നു : സതീശൻ പാച്ചേനി

Jaihind News Bureau
Thursday, September 10, 2020

ആരോഗ്യവകുപ്പ് മികച്ചതാണെന്ന് പറയാൻ സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് പി.ആർ വർക്ക് നടത്തി ഊതി വീർപ്പിച്ച ബലൂൺ ആയി മാറിയ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പിലെ ദുരവസ്ഥയെക്കുറിച്ച് പരിശോധിക്കാൻ തയ്യാറാകണമെന്നും വകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയും ജീവനക്കാരുടെ ആത്മാർത്ഥക്കുറവും പിടിപ്പുകേടും മൂലം നവജാതശിശു മരണത്തിന് കീഴടങ്ങേണ്ടി വന്ന വേദന ഉളവാക്കുന്ന സംഭവം കേരളത്തിൽ സൃഷ്ടിച്ചതിന് എന്താണ് സമാധാനം പറയാൻ ഉള്ളതെന്ന് വ്യക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് ശ്രദ്ധിക്കാതെ മന്ത്രി പി.ആർ വർക്കിൽ അഭിരമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

പ്രാദേശിക ഗ്രാമീണ മേഖലയിലെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന പാനൂർ സി.എച്ച് സിയിലെ ഏഴോളം ആരോഗ്യ പ്രവർത്തകരെ തത്വദീക്ഷയില്ലാതെ സ്ഥലം മാറ്റിയത് മൂലം ജീവനക്കാരുടെ ദൗർലഭ്യം ഉണ്ടാക്കിയതിനും വകുപ്പ് മന്ത്രിയാണ് ഉത്തരവാദി. പൊലീസും ഫയർ ഫോഴ്സും ആവശ്യപ്പെട്ടിട്ടും ചട്ടങ്ങളും നിയമങ്ങളും പറഞ്ഞ് അടിയന്തിര ഘട്ടത്തിൽ പോലും ആരോഗ്യ പരിരക്ഷ നല്‍കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടതും കുരുന്ന് ജീവന് വില കല്‍പിക്കാത്ത ക്രൂരതയുടെ മുഖമായി ആരോഗ്യ വകുപ്പ് മാറുന്നതും പി.ആർ വർക്കിൽ അഭിരമിക്കുന്നതിനിടയിൽ ആരോഗ്യ മന്ത്രി പരിശോധിക്കേണ്ടതാണ്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 108 ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ചപ്പോഴും ആരോഗ്യ പ്രവർത്തകൻ ക്വാറന്‍റൈനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചപ്പോഴും,വാളയാറിലെ കുരുന്നുകളോടും പാലത്തായിലെ വിദ്യാർത്ഥിനിയോടും നീതി കാട്ടാതെ മൗനവ്രതം നയമായി സ്വീകരിച്ച ആരോഗ്യ വകുപ്പ് മന്ത്രി കാറ്റ് പോയ ബലൂണാണെന്ന് ജനങ്ങൾ മനസ്സിലാക്കിയതാണ്.

സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന്‍റെ വീഴ്ച മൂലം നവജാത ശിശു മരണപ്പെടുന്ന ഹൃദയഭേദകമായ സംഭവം മനസാക്ഷിയോടെ പരിശോധിക്കണമെന്നും വകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയുടെ പ്രതിഫലനമാണ് പാനൂരിൽ സംഭവിച്ചതെന്നും ആരോഗ്യ വകുപ്പിന്‍റെ വീഴ്ചയുടെ ഉത്തരവാദിത്വം മന്ത്രിക്കാണെന്ന് മറക്കരുതെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.