ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് പുകഴ്ത്തുപാട്ട് പാടുക മാത്രമാണ് ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണിജോസഫ് എംഎല്‍എ. സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അംഗീകരിച്ചതാണ്. മികച്ചതെന്ന് അവകാശപ്പെട്ടിരുന്ന ആരോഗ്യ മേഖല തകര്‍ച്ചയിലാണെന്ന് ഡോ ഹാരിസും, കോട്ടയത്തെ സംഭവവും തെളിയിച്ചതാണ്. മുഖ്യമന്ത്രിക്ക് പുകഴ്ത്തുപാട്ട് പാടുകമാത്രമാണ് ആരോഗ്യമന്ത്രി ചെയ്യുന്നതെന്നും സണ്ണിജോസഫ് കുറ്റപ്പെടുത്തി. ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷനും, നേതാക്കള്‍ക്കുള്ള സ്വീകരണവും മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി കേരളത്തിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ കോളേജ് എന്നത് ഒറ്റയടിക്ക് പതിനൊന്ന് ആയി ഉയര്‍ത്തിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഓര്‍മ്മിപ്പിച്ചു ഓര്‍മ്മിപ്പിച്ചു. മലപ്പുറത്ത് മിന്നുന്ന വിജയം നേടാന്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തു നിന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.പി അനില്‍കുമാര്‍ എം.എല്‍.എക്കും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനും ചടങ്ങില്‍ സ്വീകരണം നല്‍കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന 4 സീറ്റിലും വിജയിച്ച് 16 സീറ്റും യുഡിഎഫ് നേടുമെന്ന് എപി അനില്‍കുമാറും, ആര്യാടന്‍ ഷൗക്കത്തും നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും സംസാരിച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.