ഡോക്ടർക്ക് പരിചയക്കുറവെന്ന് ആരോഗ്യമന്ത്രി; പ്രസ്താവനക്കെതിരെ നേതാക്കള്‍

കൊല്ലം:  കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നായിരുന്നു വീണാ ജോർജിന്‍റെ പ്രതികരണം.  ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

‘കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും സിഎംഒ അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടമാർ അറിയിച്ചിട്ടുള്ളത്’- ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ആരോഗ്യമന്ത്രിയുടെ  പ്രതികരണം ഇങ്ങനെയാണെങ്കില്‍ അത്തരം വിവരക്കേടുകൾക്ക് രാഷ്ട്രീയ കേരളം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ പ്രതികരണം.

ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎയും രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തുകയായിരുന്നുവെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

അതേസമയം ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. പെൺകുട്ടി പഠിക്കുന്ന കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുകയാണ്. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരുൾപ്പെടെ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രതിഷേധിച്ചു.

Comments (0)
Add Comment