VEENA GEORGE| ഒടുവില്‍ ബിന്ദുവിന്‍റെ വീട്ടിലെത്തി ആരോഗ്യമന്ത്രി; സന്ദര്‍ശനം വിമര്‍ശനത്തെ ഭയന്നോ?

Jaihind News Bureau
Sunday, July 6, 2025

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്കും പഴികള്‍ക്കുമൊടുവിലാണ് മന്ത്രിയുടെ സന്ദര്‍ശനം. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്. കെട്ടിടം തകര്‍ന്നു വീണ് മകള്‍ക്കു കൂട്ടിരിപ്പിനു വന്ന തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായിരിക്കുകയാണ്. ശവസംസ്‌കാരം അടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ട് വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാനോ ഒരു അനുശേചനം രേഖപ്പെടുത്താനോ മന്ത്രി തയാറായില്ല എന്നത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മരണം സംഭവിച്ച് 24 മണിക്കൂറിനൊടുവിലാണ് ദുഖം രേഖപ്പെടുത്തി ഒരു പോസ്റ്റ് പോലും ഇടാന്‍ തയാറായത്.

ഒടുവില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലേക്കുള്ള വഴ്ി തിരിച്ചറിഞ്ഞു. ഏറെ വൈകിയാണെങ്കിലും ഒന്നവിടെ വരെ ചെല്ലാന്‍ കാണിച്ച ആ മനസ്സ്് എത്ര പറഞ്ഞാലും മതിയാകില്ല. ഇത്തരം കാട്ടികൂട്ടലുകള്‍ നടത്തിയത് വിമര്‍ശനങ്ങള്‍ ശക്തമായപ്പോഴാണ് എന്ന് എടുത്തു പറയണം. നാഥനില്ലാ കളം പോലെ സംസ്ഥാനത്തെ ഭരണ ചുമതല പോലും മറ്റാരെയും ഏല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറന്നത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ കപ്പിത്താന് ഇന്ന് മൗനമാണ്. തുടര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നത് കേരളത്തെ പടുകുഴിയിലാക്കി.

മൂന്ന് ആവശ്യങ്ങളാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പ്രതിപക്ഷവും ഉന്നയിച്ചത്. ബിന്ദുവിന്റെ മക്കളെ സംരക്ഷിക്കണം, കുടുംബത്തിന് ധനസഹായം നല്‍കണം, ഒപ്പം മകളുടെ ചികിത്സ ഏറ്റെടുക്കാന്‍ തയാറാകണം. ഒപ്പമുണ്ടാകും എന്ന് വാക്കാല്‍ പറയുന്നതല്ലാതെ ഇതുവരെ നീക്കു പോക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇത്തരക്കാരെ ഇനി അടുത്ത തിരഞ്ഞെടുപ്പിനെ പിണറായിക്കും സംഘത്തിനും ആവശ്യമുള്ളൂവെന്ന് മനസിലാക്കാന്‍ അധിക ബുദ്ധിയൊന്നും വേണ്ട. സര്‍ക്കാര്‍ അനാസ്ഥയില്‍ ഇരയാകാന്‍ ഇനി ഒരു ബിന്ദു ഉണ്ടാകാതിരിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന.