കൊവിഡ് രോഗികള്‍ക്കെതിരായ പീഡനങ്ങള്‍ കേരളത്തെ നാണം  കെടുത്തി ; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മാപ്പ്  പറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :  കൊവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഡനങ്ങള്‍ കേരളത്തെ ലോകത്തിനുമുന്നില്‍ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പി‍ന്‍റെ  ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ  ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കൊവിഡ് ബാധിതരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ  സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അടൂരിലെയും, കുളത്തൂപ്പുഴയിലെയും പീഡനങ്ങള്‍  വലിയ  നാണക്കേടാണ്   ഉണ്ടാക്കിയിരിക്കുന്നത്.  രോഗപ്രതിരോധത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന  സര്‍ക്കാരിന്‍റെ വീമ്പുപറച്ചില്‍ വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെപ്പോലും  ചവിട്ടിമെതിച്ച്  രോഗ പ്രതിരോധത്തിന്‍റെ പേരില്‍ സര്‍ക്കാര്‍  മേനി നടിക്കുമ്പോള്‍    സാമൂഹ്യ വിരുദ്ധരുടെ  കൈകളാല്‍ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാവുകയാണ്. ഗുണ്ടാ- ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനവും, ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പിന്തുണയും സര്‍ക്കാരിന്‍റെ മുഖം കൂടുതല്‍ വികൃതമാക്കിയതായും രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment