ഡോക്ടര്‍ ഹാരിസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ആരോഗ്യവകുപ്പിന്റെ അടുത്ത നീക്കവും പൊളിയുന്നു. ഹാരിസിന്റെ റൂമില്‍ നിന്നും കണ്ടെത്തിയ ബോക്‌സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്റെ ബില്‍ അല്ലെന്നും നെഫ്രോസ്‌കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്റെ ഡെലിവറി ചെല്ലാനായിരുന്നുവെന്നും ഉപകരണത്തിന്റെ പേര് എഴുതിയതില്‍ തെറ്റുപറ്റിയതാണെന്നും ഉപകരണം റിപ്പയര്‍ ചെയ്യാന്‍ എത്തിച്ച കൊച്ചിയിലെ സ്ഥാപന ഉടമ വ്യക്തമാക്കി. കൊച്ചിയിലെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍സ് ആണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഡെലിവറി ചെലാനില്‍ നെഫ്രോസ്‌കോപ്പ് എന്ന് എഴുതുന്നതിന് പകരം മോസിലോസ്‌കോപ്പ് എന്ന് എഴുതുകയായിരുന്നുവെന്നും സര്‍വീസ് എഞ്ചിനീയര്‍ക്ക് പറ്റിയ പിഴവാണിതെന്നും സ്ഥാപന ഉടമ സുനില്‍ കുമാര്‍ അറിയിച്ചുഡോ. ഹാരിസിനെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഇതോടെ പൊളിയുന്നത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാറും സൂപ്രണ്ട് ഡോ. സുനില്‍ കുമാറും നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. യൂറോളജി വിഭാഗത്തില്‍ നിന്ന് ഒരു ഉപകരണം കാണാതായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍ നിന്ന് ഒരു ഉപകരണം കണ്ടെടുക്കുകയും, സമീപത്തെ പെട്ടിയില്‍ ചില ബില്ലുകള്‍ കണ്ടെത്തുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഡോ. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നത് സിസിടിവിയില്‍ കണ്ടതുകൊണ്ടാണ് പഴയ പൂട്ട് മാറ്റി പുതിയ പൂട്ടിട്ടതെന്നും സൂപ്രണ്ട് വ്യക്തമാക്കി. പൂട്ട് പൊളിച്ചിട്ടില്ലെന്നും താക്കോല്‍ ഉപയോഗിച്ചാണോ കയറിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ക്കെതിരെ ഡോ. ഹാരിസ് രംഗത്തെത്തി. താന്‍ ഉപയോഗിക്കാത്ത പഴയ ഉപകരണങ്ങള്‍ ഉപേക്ഷിക്കുന്നതിന് മുമ്പ് നന്നാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി എറണാകുളത്തെ ഒരു കമ്പനിയിലേക്ക് അയച്ച നെഫ്രോസ്‌കോപ്പുകളാണ് പ്രിന്‍സിപ്പല്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്‌കോപ്പിനും രണ്ട് ലക്ഷം രൂപയോളം റിപ്പയര്‍ ചെലവ് വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍, അത്രയും തുക വകുപ്പിന്റെ കൈവശം ഇല്ലാത്തതിനാല്‍ ഉപകരണങ്ങള്‍ തിരികെ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തിരികെയെത്തിയ ഉപകരണങ്ങളാണ് കണ്ടെത്തിയത്. അതിന്റെ പാക്കിംഗ് കവറാണ് അവിടെ ഉണ്ടായിരുന്നത്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഡോ. ഹാരിസ് നേരത്തെ ആരോപിച്ചിരുന്നു.