മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍വെച്ച് പക്ഷെ മര്‍ദ്ദിച്ചതാരെന്ന് അറിയില്ല; ഉദ്യോഗസ്ഥരെ വെള്ളപ്പൂശി കിളികൊല്ലൂര്‍ മര്‍ദ്ദനക്കേസ് റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, November 27, 2022


കൊല്ലം: കിളികൊല്ലൂര്‍ പോലീസ് മര്‍ദ്ദനക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ വെള്ളപ്പൂശി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.  സൈനികന്‍ വിഷ്ണുവിനും സഹോദരനും സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റെന്നും എന്നാല്‍ ആരാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിചിത്ര കണ്ടെത്തലുള്ളത്.

കിളികൊല്ലൂരില്‍ ഇരുവരേയും സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചത് കണ്ടവർ ആരുമില്ലെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച 11 പേജുള്ള റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്. സിസിടിവി ദൃശ്യങ്ങളിലടക്കം മര്‍ദ്ദനം പുറത്തുവന്നിട്ടും മര്‍ദ്ദിച്ചവരെ ആരും കണ്ടിട്ടില്ലെന്നാണ് വിചിത്ര റിപ്പോർട്ടിലുള്ളത്. സൈനികനേയും സഹോദരനേയും സി.ഐയും എസ്.ഐയും മര്‍ദ്ദിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ സ്വാതി മജിട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ആ മൊഴി പോലും അവഗണിച്ചാണ് ഉദ്യോഗസ്ഥരെ വെള്ളപ്പൂശുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്

കിളികൊല്ലൂർ മർദ്ദന കേസിൽ ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുവാൻ തുടക്കം മുതൽ ശ്രമം നടക്കുന്നതായ ആരോപണത്തെ സാധുകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ഈ റിപ്പോർട്ട്.