അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്റെ നിര്യാണത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അനുശോചിച്ചു. ടി.ജെ.എസ്. ജോര്‍ജിന്റെ വേര്‍പാട് മാധ്യമ ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ഭയമായ എഴുത്താണ് ടി.ജെ.എസ്. ജോര്‍ജ് എന്ന മാധ്യമപ്രവര്‍ത്തകനെ വ്യത്യസ്തനാക്കിയത് എന്ന് കെ.സി. വേണുഗോപാല്‍ അനുസ്മരിച്ചു. ‘മുഖം നോക്കാതെ ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടി കാട്ടിയിട്ടില്ല. തീക്ഷ്ണമായ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി,’ വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു അദ്ദേഹം. താനുമായി ദീര്‍ഘകാലത്തെ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍, വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ അതൊരു തടസ്സമായിരുന്നില്ലെന്നതാണ് ജോര്‍ജിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രത്യേകതയെന്നും വേണുഗോപാല്‍ ഓര്‍മിച്ചു.
ടി.ജെ.എസ്. ജോര്‍ജ് എന്ന ആദര്‍ശ മാധ്യമപ്രവര്‍ത്തന മാതൃക, ധീരവും വിമര്‍ശനാത്മകവുമായ നിലപാടുകളിലൂടെ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചാണ് വിടവാങ്ങുന്നതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.