‘നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ’; പ്രതാപചന്ദ്രന്‍റെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, December 20, 2022

തിരുവനന്തപുരം: വ്യക്തിപരമായി എനിക്ക് ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് വി. പ്രതാപചന്ദ്രന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെയും ഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പിലാണ് ആ സംഭാഷണം അവസാനിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പഴയ തലമുറയിൽപ്പെട്ട നേതാക്കൾക്കും പുതിയ തലമുറയിൽപ്പെട്ടവർക്കും ഒരു പോലെ സ്വീകാര്യനായിരുന്നു പ്രതാപചന്ദ്രൻ. പ്രതിസന്ധി ഘട്ടങ്ങളെ സൗമ്യതയോടെ സമീപിച്ച് പരിഹരിക്കാനുള്ള നേത്യശേഷി അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. കെ.പി.സി.സി ട്രഷററെന്ന നിലയിലും മികവുറ്റ പ്രവർത്തനമാണ് പ്രതാപചന്ദ്രൻ നിർവഹിച്ചിരുന്നത്.

മുൻ കെ.പി.സി.സി അധ്യക്ഷൻ വരദരാജൻ നായരുടെ മകനായ പ്രതാപചന്ദ്രൻ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ഡി.സി.സി – കെ.പി.സി.സി ഭാരവാഹിയായും പ്രവർത്തിച്ച അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. മാധ്യമ പ്രവർത്തകനായും അധ്യാപകനായും പൊതുരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്നും വിഡി സതീശന്‍ പറഞ്ഞു.