തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ നിർണായകമാകുന്ന മൊഴി സിബിഐക്ക് ലഭിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ് കേസിൽ വഴിത്തിരിവായേക്കാവുന്ന മൊഴി സിബിഐക്ക് നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസിലെ പ്രതിക്ക് ജസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്ന മൊഴിയാണ് സിബിഐക്ക് ലഭിച്ചത്. ഇയാൾക്കായി സിബിഐ തെരച്ചിൽ നടത്തിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.
കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവായേക്കാവുന്ന നിർണായക മൊഴിയാണ് സിബിഐക്ക് ലഭിച്ചത്. പൂജപുര സെന്‍ട്രൽ ജയിലിലിലെ പോക്സോ തടവുകാരനാണ് ജസ്ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസിലെ പ്രതിക്ക് ജസ്ന തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്നും തന്നോടിക്കാര്യം പറഞ്ഞുവെന്നുമാണ് മൊഴി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ സിബിഐ യെ വിളിച്ച് വിവരം കൈമാറുകയായിരുന്നു. എന്നാൽ തടവുകാരൻ ചൂണ്ടിക്കാട്ടുന്ന മോഷണക്കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണാതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു കാണാതായത്. ക്രൈം ബ്രാഞ്ചടക്കം കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണപുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണവും ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്.