ഇടുക്കി: കാട്ടാനയാക്രമണത്തില്‍ 22 വയസ്സുകാരന്‍ അമീർ എന്ന യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്ത് വന്നു. അധികൃതര്‍ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മരിച്ചയാളുടെ ജീവന്‍ തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫെന്‍സിങ് നിര്‍മാണത്തിന് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍, ഫെന്‍സിങ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഫെന്‍സിങ് ഇടാനുള്ള പൈസ ഇല്ലാഞ്ഞിട്ടല്ലെന്നും ഇടില്ല എന്നത് സര്‍ക്കാരിന്‍റെ തീരുമാനമാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.നിലവില്‍ സ്ഥലം എം.പി അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാട്ടുകാരും വിഷയത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.