നടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, May 25, 2022

 

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കാനിരിക്കെ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി.

തിരികെയെത്താനുളള യാത്രാ രേഖകള്‍ സമര്‍പ്പിച്ചാലേ മുൻകൂർ ജാമ്യഹര്‍ജി പരിഗണിക്കൂ എന്ന് സിംഗിള്‍ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. യാത്രാ രേഖകള്‍ ഹാജരാക്കിയ വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ ഇരുപത്തിനാലിനകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്‍റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്‍റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടരുകയാണ്.

ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് വിജയ് ബാബു കോടതിയിൽ വ്യക്തമാക്കി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കില്‍ നടി ഏപ്രില്‍ 12 ന് എത്തിയിരുന്നു. ഇവിടെ വച്ച്‌ ഭാര്യയുമായി സംസാരിച്ചതിന്‍റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണ് ഇത്.

ഏപ്രില്‍ 14 ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച്‌ ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് വേണ്ടി പേപ്പറുകള്‍ ശരിയാക്കാനാണ് ഏപ്രില്‍ 24 ന് താന്‍ ദുബായിലെത്തിയതെന്നും വിജയ് ബാബു പറയുന്നു.