പിങ്ക് പൊലീസ് വിഷയത്തില്‍ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി; വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിലും വിമർശനം

കൊച്ചി : തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇങ്ങനെ ഒരു റിപ്പോർട്ട്‌ കോടതിക്ക് കൈമാറിയതെന്നും കോടതി ചോദിച്ചു.

പെൺകുട്ടി കരഞ്ഞതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് പറയുന്നുണ്ട്, അതെന്തിനാണെന്ന് വ്യക്തമാക്കണം. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സർക്കാർ പറയുന്നതെന്നും കോടതി ചോദിച്ചു.  സര്‍ക്കാരിന്‍റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വീഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ സർക്കാറിന് നിര്‍ദേശം നല്‍കി.

കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. നാല് സാക്ഷിമൊഴികളും ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികള്‍. കുട്ടിക്ക് വേണമെങ്കിൽ നഷ്ടപരിഹാരം തേടി സിവിൽ കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിയ കോടതി  ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരയണന് നഷ്ടപരിഹാരം ലഭിച്ചതുപോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും എട്ട് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Comments (0)
Add Comment