കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ; സ്വകാര്യ ആശുപത്രികളുടെ കൊള്ള അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ; രൂക്ഷവിമർശനം

Jaihind Webdesk
Monday, May 10, 2021

 

കൊച്ചി : കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കുന്ന സ്വകാര്യആശുപത്രികള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഭീമമായ തുകയുടെ  ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. കഞ്ഞിക്ക് 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും ഇത്തരം  കൊള്ള അനുവദിക്കാനാകില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം സ്വകാര്യാശുപത്രിയിലെ കൊവിഡ് ചികില്‍സാനിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2,645 രൂപയാണ് കൊവിഡ് ചികിത്സനിരക്ക്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടും. എന്നാൽ സി.ടി.സ്കാൻ, എച്.ആർ.സി.ടി പരിശോധനകൾ ഉണ്ടാകില്ല. എൻ.എ.ബി.എച്ച് ആശുപത്രികളിൽ 2910 രൂപ ഈടാക്കാം. രോഗികളാട് അധികതുക ഈടാക്കിയാല്‍ ഇടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

ആര്‍ടി പിസിആര്‍ ടെസ്റ്റിന് 500രൂപയായി തുടരും. ആശുപത്രികൾക്കെതിരായ പരാതികൾ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി നിശ്ചയിച്ചു. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് അപ്പീല്‍ അതോററ്റിയെ നിമയിച്ചത്. ഡി.എം.ഒയ്ക്കും പരാതികള്‍ നല്‍കാം.