കത്ത് വിവാദത്തില്‍ അസംബന്ധമാണെന്നു പറഞ്ഞ് സി.പി.എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അവര്‍ക്കു േേനരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞേ മതിയാകൂ. നിരപരാധികളാണെങ്കില്‍ അവര്‍ നിരപരാധിത്വം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറുപടി പറയാതെ ഒഴിഞ്ഞു പോകുന്നത് സിപിഎമ്മിന്റെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് കോടതിയില്‍ രേഖയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിക്ക് കിട്ടിയ കത്താണ് കോടതിയില്‍ എത്തിയത്. ഇങ്ങനെ ഒരു കത്തില്ലെന്നോ ആളെ അറിയില്ലെന്നോ ഉള്ള പ്രതിരോധം ഇവര്‍ക്കില്ല. ആരോപണ വിധേയരായ എല്ലാവര്‍ക്കും ആളെ ആറിയാം. ഇയാള്‍ ഇവര്‍ക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും പ്രവാസി ചിട്ടി ഫണ്ടിന് പോയപ്പോഴും ഇയാളുണ്ട്. ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നെത്തിയ പണം നേതാക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നതാണ് ഏറ്റവും ഗുരുതരം. അതിന് മറുപടി പറയാതിരിക്കാനാകില്ല. മറുപടി പറഞ്ഞേ മതിയാകൂ. ഇതില്‍ ഹവാലയും റിവേഴ്സ് ഹവാലയുമുണ്ട്. ഇതൊരു സാമ്പത്തിക തട്ടിപ്പാണ്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ചെന്നൈയിലെ കമ്പനി ആയതിനാല്‍ സംസ്ഥാന വിജിലന്‍സിന്റെ പരിധിയില്‍ വരില്ല. വിദേശത്ത് നിന്നാണ് പണം എത്തിയിരിക്കുന്നത്. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഒരു അന്വേഷണം നടത്തണം. അസംബന്ധമാണെന്നൊക്കെ എല്ലാവരും പറയുന്നതാണ്. മറുപടി നല്‍കാന്‍ ഉത്തരവാദിത്തമുണ്ട്. അല്ലെങ്കില്‍ എന്റെ മകന് ഇയാളുമായി ഒരു ബന്ധവുമില്ലെന്നു പറയട്ടെ.
പരാതിക്കാരന്‍ കത്ത് ഫേസ്ബുക്കില്‍ ഇട്ടെന്നു പറയുന്ന കാലത്ത് പാര്‍ട്ടിയുടെ കയ്യില്‍ മാത്രമെ കത്തുള്ളൂ. അന്ന് ഒരു ആധികാരികതയും ഇല്ലായിരുന്നു. കത്ത് കോടതിയില്‍ എത്തിയതോടെയാണ് ആധികാരികമായത്. ആരോപണ വിധേയന്‍ തന്നെയാണ് ഈ കത്ത് കോടതിക്ക് നല്‍കിയിരിക്കുന്നത്. ഗൗരവതരമായ ആരോപണമാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്ഥാനങ്ങളില്‍ ഇരുന്നവര്‍ക്കും ഇരിക്കുന്നവര്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവരൊന്നും മറുപടി പറയില്ലെന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? ഒരു ബന്ധവും ഇല്ലെങ്കില്‍ അത് പറയട്ടെ. ഷംഷാദ് പറയുന്നത് പച്ചക്കള്ളമാണെന്നും പറയുന്ന കാര്യങ്ങളിലൊന്നും പങ്കാളികളെല്ലെന്നും ആരോപണ വിധേയര്‍ പറയുന്നില്ലല്ലോ. ഒരു മറുപടിയും ഇല്ലാത്ത അവസ്ഥയിലാണ്. പി.ബിയുടെ മുന്നിലുള്ള പരാതി മൂടി വയ്ക്കുകയായിരുന്നു. കുറെക്കൂടി കാര്യങ്ങള്‍ അറിയാം. അത് സമയമാകുമ്പോള്‍ പറയാം. കത്ത് ആരാണ് ചോര്‍ത്തിക്കൊടുത്തതെന്ന് ഷംഷാദ് തന്നെ പറഞ്ഞിട്ടുണ്ട്