ഹാത്രസ് ദുരന്തം; മുഖ്യപ്രതി ദേവ് പ്രകാശ് മധുക്കർ അറസ്റ്റില്‍

Jaihind Webdesk
Saturday, July 6, 2024

 

ന്യൂഡല്‍ഹി: ഹാത്രസ് ദുരന്തത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുക്കർ അറസ്റ്റില്‍. ഭോലെ ബാബയുടെ അടുത്ത അനുയായി ആണ് ദേവ് പ്രകാശ് മധുക്കർ. കേസിലെ ഒന്നാം പ്രതി കൂടിയാണിയാള്‍. അപകടം നടന്ന സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ നേരിട്ടെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു. അതേസമയം ഹാത്രസ് ദുരന്തത്തില്‍ ഭോലെ ബാബയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.  പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ സംഘാടകര്‍ക്കും ജില്ലാ ഭരണകൂടത്തിനും സംഭവിച്ച വീഴ്ച്ചകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ഹാത്രസ് ദുരന്തത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്നലെ രാഹുല്‍ ഗാന്ധി  സന്ദർശിച്ചിരുന്നു. ദുരന്തത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാരാണെന്നും യോഗി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.