ബാബയുടെ കാലടിയിലെ മണ്ണ് ശേഖരിക്കാന്‍ തിക്കും തിരക്കും, ഹാത്രസ് മരണം 121 ആയി; 60,000 പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത് 2.5 ലക്ഷം പേർ

Wednesday, July 3, 2024

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയതായി റിപ്പോർട്ടുകള്‍. 121 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭോലെ ബാബയുടെ കാലടിയിലെ മണ്ണ് ശേഖരിക്കാന്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് സൂചന.

ഹാത്രസിലെ സിക്കന്ദർ റൗവില്‍ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഇവിടെ ഒരു പാടത്ത് താല്‍ക്കാലിക പന്തൽ കെട്ടി ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ പരിപാടി നടത്തുകയായിരുന്നു. റോഡിന് ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനു വേദി ഒരുക്കിയത്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. 60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലില്‍ വഴുക്കൽ ഉണ്ടായിരുന്നു.

മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ അനുയായികൾ തിരക്കുകൂട്ടിയതാണു ഹാത്രസിൽ വൻ അപകടത്തിനു വഴിയൊരുക്കിയതെന്നാണ് പ്രാഥമിക സൂചന. അതേസമയം പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി. പരുക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംഭവസ്ഥലം സന്ദർശിക്കും.