ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും, ലോക്‌സഭ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിന്റെ സുരക്ഷ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എഐസിസി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. ഭാരത് ന്യായ് സംഹിതയുടെ 351, 352, 353, 61 വകുപ്പുകള്‍ പ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.
ബിജെപി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്‌നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നാണ് തര്‍വീന്ദര്‍ സിങ് മാര്‍വയുടെ ഭീഷണി. രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിക്കുകയാണ് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ ഗെയ്ക്വാദ് ചെയ്തത്. രാഹുല്‍ ഗാന്ധി ഭീകരനാണെന്നാണ് കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു ആക്ഷേപിച്ചത് . ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.